തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഇത് പ്രകാരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണല്‍ 2020 ഡിസംബര്‍ 16 ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളെ  സംബന്ധിച്ച്  ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളെ  സംബന്ധിച്ച് അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുമാണ് വാട്ടെണ്ണല്‍ കേന്ദ്രങ്ങളായി  നിശ്ചയിച്ചിട്ടുള്ളത്.
ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട ചുമതല  ബ്ലോക്ക് പഞ്ചായത്ത്  സെക്രട്ടറിമാര്‍ക്കും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളെ സംബന്ധിച്ച് അതത് സെക്രട്ടറിമാര്‍ക്കുമാണ്. വോട്ടെണ്ണല്‍  പുരോഗതി അപ്പപ്പോള്‍ തന്നെ കമ്മീഷനെയും മീഡിയാ സെന്ററുകളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിന് ‘ട്രെന്‍ഡ്’ സോഫ്റ്റ് വെയറില്‍ അപ് ലോഡ് ചെയ്യുന്നതിന് കൗണ്ടിംഗ് സെന്ററില്‍ ബ്ലോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും നഗരസഭകളിലെ കൗണ്ടിംഗ് സെന്ററുകളിലും ഡേറ്റാ അപ്ലോഡിംഗ് സെന്ററിന് വേണ്ടി പ്രത്യേക മുറി സജ്ജമാക്കും.
വോട്ടെണ്ണലിന് ശേഷം ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് സുരക്ഷിത സൂക്ഷിപ്പില്‍ വെക്കേണ്ട രേഖകളും ഡിറ്റാച്ചബിള്‍ മെമ്മറി മൊഡ്യൂളും ബന്ധപ്പെട്ട ട്രഷറികളില്‍ സൂക്ഷിക്കണം. നഗരസഭകളെ സംബന്ധിച്ച് മറ്റ് രേഖകളോടൊപ്പം ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കൂടി ട്രഷറികളില്‍ സൂക്ഷിക്കണം.സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനൊപ്പമുള്ള രേഖകളും മറ്റ് രേഖകളോടൊപ്പം സുരക്ഷിത സൂക്ഷിപ്പില്‍ വെക്കും.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ആവശ്യമായ ജീവനക്കാരെ ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ അനുമതിയോടെ നിയമിച്ച് അതത് വരണാധികാരികള്‍ ഉത്തരവ് പുറപ്പെടുവിക്കും. വോട്ടെണ്ണലിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും മുനിസിപ്പല്‍ സെക്രട്ടറിമാരും ഡിസംബര്‍ 17 ന് തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ജില്ലാകേന്ദ്രങ്ങളിലെ ഗോഡൗണുകളില്‍ തിരികെ എത്തിക്കണം.