യുവാക്കളുടെ സമ്മേളനത്തിന് 2025 ജനുവരിയില്‍ സര്‍ക്കാര്‍ ആതിഥേയത്വം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

വികസിത ഭാരതത്തിനായുള്ള യുവാക്കളുടെ സമ്മേളനത്തിന് 2025 ജനുവരിയില്‍ സര്‍ക്കാര്‍ ആതിഥേയത്വം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2025 ജനുവരി 11 മുതല്‍ 12 വരെ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ കോടിക്കണക്കിന് യുവാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. രാജ്യത്തെ ഗ്രാമങ്ങള്‍, ജില്ലകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരം യുവാക്കളും വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിനായി ഭാരത് മണ്ഡപത്തിലെത്തും. അധികാരത്തിലെത്തിയ നാള്‍ മുതല്‍ രാജ്യത്തെ യുവാക്കളോട് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയിലും രാഷ്ട്രീയത്തിലും അണിചേരാന്‍ ഞാന്‍ ആഹ്വാനം ചെയ്തിരുന്നു. അത്തരത്തിലുള്ള ഒരുലക്ഷത്തിലധികം യുവാക്കളെ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നതിന് വിവിധ രീതിയിലുള്ള പ്രചരണ പരിപാടികള്‍ നടത്തും. അത്തരമൊരു പ്രചരണത്തിന്റെ ഭാഗമാണ് വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗും. ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ പ്രമുഖ വ്യക്തികളും പരിപാടിയില്‍ പങ്കെടുക്കും. യുവാക്കള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പരിപാടി അവസരം നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.