ഇന്ന് (നവംബർ 26) ദേശീയ വിരവിമുക്ത ദിനമായി ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതൽ 19 വയസ്സു വരെ പ്രായമുളള 7,04,053 കുട്ടികള്‍ക്ക് വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ നൽകും. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പാലക്കാട് ബി.ഇ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവ്വഹിക്കും.
സ്കൂളുകളിലും അങ്കണവാടികളിലും വെച്ചാണ് ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്യുക. ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകൾ, ജനപ്രതിനിധികൾ, സന്നദ്ധസംഘടനകൾ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യ വകുപ്പ് വിരവിമുക്ത ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
ഒന്നു മുതല്‍ മുതൽ രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് അര ഗുളിക തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ചു കൊടുക്കണം. രണ്ടു മുതൽ 19 വരെ പ്രായമുള്ള കുട്ടികൾ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം. കുട്ടികൾ ആൽബൻഡസോൾ ഗുളികകൾ സ്ഥാപനത്തിൽ നിന്ന് തന്നെ കഴിക്കേണ്ടതാണ്. ഗുളിക കഴിച്ചെന്നു അധ്യപകരും അങ്കണവാടി വർക്കറും ഉറപ്പു വരുത്തണം. ഇന്ന് ഗുളിക കഴിക്കാൻ സാധിക്കാത്തവർ ഡിസംബർ മൂന്നിന് ഗുളിക നിർബന്ധമായും കഴിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മണ്ണിൽ കൂടി പകരുന്ന വിരകൾ രാജ്യത്ത് ഇന്നും ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി നിലനിൽക്കുന്നതിനാലാണ് വിരവിമുക്തി ദിനാചരണം സംഘടിപ്പിക്കുന്നത്. 65 ശതമാനം കുട്ടികൾക്കും വിരബാധയുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിളർച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛർദ്ദിയും വയറിളക്കവും, മലത്തിൽകൂടി രക്തം പോകൽ എന്നിവയാണ് വിരബാധമൂലം കുട്ടികളിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ. കുട്ടികളുടെ ശരീരത്തിൽ വിരകളുടെ തോത് വർധിക്കും തോറും ശാരീരിക മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. സ്‌കൂളിൽ പോകാനാകാതെ പഠനം തടസ്സപ്പെടുന്ന അവസ്ഥയും ഇതു മൂലം ഉണ്ടാകുന്നു.
മണ്ണിൽ കൂടി പകരുന്ന വിരകൾ മനുഷ്യന്റെ ആമാശയത്തിൽ ജീവിച്ചു മനുഷ്യനാവശ്യമുള്ള പോഷകങ്ങളെല്ലാം ആഗിരണം ചെയ്‌തു വളരുകയും പൊതുസ്ഥലത്തു മല വിസർജ്ജനം നടത്തുന്നതുവഴി ഇതിന്റെ മുട്ടകൾ മണ്ണിലും ജലത്തിലും കലരാൻ ഇടവരികയും ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും വേണ്ടവിധം വൃത്തിയാക്കാതെ ഉപയോഗിച്ചാലും സുരക്ഷിതമല്ലാത്ത വെള്ളത്തിലൂടെയും കൈകൾ ശുചിയാക്കാതെ ഭക്ഷണം കഴിക്കുമ്പോഴും രോഗപ്പകർച്ച ഉണ്ടാകാം. കുട്ടികൾക്ക് ആറുമാസത്തിലൊരിക്കൽ വിരയിളക്കൽ നടത്തിയാൽ വിരബാധ ഇല്ലാതാക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനും കഴിയും. വർഷത്തിൽ രണ്ടുപ്രാവശ്യം വിരയിളക്കൽ നടത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുമുണ്ട്.
ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എ.ഡി.എം. പി. സുരേഷിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു. യോഗത്തിൽ ജില്ലാ ആർ.സി. എച്ച്. ഓഫീസർ ഡോ. എ.കെ അനിത പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.