ഭക്ഷ്യ സുരക്ഷയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അതിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ശാക്തീകരിച്ചത്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ഗുരുതര കുറ്റമാണ്. അത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയിൽ സജ്ജമാക്കിയ മൈക്രോബയോളജി ലബോറട്ടറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യ സുരക്ഷാ വകുപ്പ് വളർച്ചയുടെ ഒരു പ്രധാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഈ സർക്കാർ ചുമതലയേൽക്കുമ്പോൾ സംസ്ഥാനത്ത് മൈക്രോബയോളജി ലാബ് ഉണ്ടായിരുന്നില്ല. നിലവിലെ ലാബ് സംവിധാനത്തിലൂടെയാണ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വിപുലമായ മൈക്രോബയോളജി ലാബുകൾ സജ്ജമാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മൈക്രോബയോളജി ലാബുകൾ സജ്ജമാക്കിയത്. എഫ്എസ്എസ്എഐയുടെ നാലര കോടി രൂപയ്ക്ക് പുറമേ സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് ലാബുകൾ സജ്ജമാക്കിയത്.
ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ കേരളത്തിനായി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ഒട്ടേറെ മാനദണ്ഡങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
ഭക്ഷ്യസുരക്ഷാ പരിശോധനകൾ മൂന്നോ നാലോ ഇരട്ടി വർധിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് വരുമാനമാണ് ഉണ്ടായിട്ടുള്ളത്. നാലര കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ആറിരട്ടിയോളം വർധന പിഴത്തുകയിൽ ഉണ്ടായിട്ടുണ്ട്. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി. മുഖം നോക്കാതെ നടപടിയെടുക്കാൻ കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. ഈ കാലയളവിൽ 14 ജില്ലകളിലും മൊബൈൽ പരിശോധനാ ലാബുകൾ സജ്ജമാക്കി. രാജ്യത്ത് ആദ്യമായി എഫ്എസ്എസ്എഐ എൻ.എ.ബി.എൽ. ഇന്റഗ്രേറ്റഡ് അസസ്സ്മെന്റ് പൂർത്തിയാക്കിയ സംസ്ഥാനം കേരളമാണ്. 2021ൽ 75 പരാമീറ്ററുകൾക്കാണ് അംഗീകാരം ലഭിച്ചതെങ്കിൽ ഘട്ടംഘട്ടമായി ഉയർത്തി ഇപ്പോൾ 1468 പരാമീറ്ററുകൾക്ക് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ നേടിയെടുക്കാനായി.
ഓണത്തിനും ക്രിസ്തുമസിനും മാത്രമല്ല സംസ്ഥാനത്ത് തുടർച്ചയായി പരിശോധനകൾ നടന്നു വരുന്നുണ്ട്. എവിടെയെങ്കിലും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ ഫോട്ടോയും വീഡിയോയും നേരിട്ട് അപ് ലോഡ് ചെയ്യാവുന്നതാണ്. ഇതിനായി ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പും സജ്ജമാക്കി. ഷവർമ മാർഗനിർദേശം പുറത്തിറക്കി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീൻ റേറ്റിംഗ് എന്നിവയും നടപ്പിലാക്കി വരുന്നു. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ചു. മികച്ച പ്രവർത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.
ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അഫ്സാന പർവീൺ, ചീഫ് ഗവ. അനലിസ്റ്റ് റംല കെ.എ., എഫ്എസ്എസ്എഐ ഡെപ്യൂട്ടി ഡയറക്ടർ ധന്യ കെ.എൻ, ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു ദേവി പി., എൻഫോഴ്സ്മെന്റ് ജോ. കമ്മീഷണർ ജേക്കബ് തോമസ് എന്നിവർ പങ്കെടുത്തു.