തിരഞ്ഞെടുപ്പ് വാഹനങ്ങളുടെ ഉപയോഗം: അറിയേണ്ടതെല്ലാം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പൊലീസിന്റെ അനുമതിയോടെയാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. വാഹനങ്ങളുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍ വരും. വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. പെര്‍മിറ്റില്‍ വാഹന നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാര്‍ത്ഥിയുടെ പേരില്‍ പെര്‍മിറ്റെടുത്ത വാഹനം മറ്റൊരു സ്ഥാനാര്‍ത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്. പെര്‍മിറ്റില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങള്‍ പിന്നീട് പ്രചാരണ വാഹനമായി ഉപയോഗിക്കാന്‍ പാടില്ല. പ്രകടനം നടക്കുമ്പോള്‍ രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ വാഹനത്തില്‍ തിരഞ്ഞെടുപ്പ് പരസ്യം, കൊടി തുടങ്ങിയവ മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ പ്രദര്‍ശിപ്പിക്കാവു.

സുരക്ഷാ അധികാരികളും ഇന്റലിജന്‍സ് ഏജന്‍സികളും നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിക്കാം. സുരക്ഷാ അധികാരികള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പകരമായി ഒന്നില്‍ കൂടുതല്‍ വാഹങ്ങള്‍ ഉപയോഗിക്കാവൂ. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ചെലവ് അതാത് വ്യക്തികള്‍ വഹിക്കണം. പൈലറ്റ് വാഹനവും എസ്‌കോര്‍ട്ട് വാഹനവും ഉള്‍പ്പടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം സുരക്ഷാ അധികാരികള്‍ അനുവദിച്ചിട്ടുള്ളവയില്‍ കൂടരുത്. സര്‍ക്കാര്‍ വാഹനങ്ങളായിരുന്നാലും വാടക വാഹനങ്ങളായിരുന്നാലും അതിന്റെ ചെലവ് അതാത് വ്യക്തികള്‍ വഹിക്കണം.