ഇന്ത്യ കോവിഡ് മൂന്നാം തരംഗത്തെയും നേരിടേണ്ടിവരും – എയിംസ് മേധാവി രൺദീപ് ഗുലേറിയ

കോവിഡ് വ്യാപനം തടയുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ ഫലപ്രദമാകില്ലെന്ന് എയിംസ് മേധാവി രൺദീപ് ഗുലേറിയ. രണ്ടാം തരംഗത്തില്‍ ഇന്ത്യയുടെ സ്ഥിതി വളരെ മോശമായി തുടരുമ്പോൾ മൂന്നാം തരംഗത്തെയും രാജ്യം നേരിടേണ്ടി വരുമെന്നും അദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ ഇപ്പോഴുള്ള ഗുരുതരമായ സാഹചര്യം കുറച്ച് നാളത്തേയ്ക്ക് പരിഹരിക്കുന്നതിന് സഹായകരമായിരിക്കുമെന്നും രോഗവ്യാപനത്തിന്‍റെ തോത് കുറച്ച്, ഓക്‌സിജന്‍ പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇതുവഴി പരിഹാരം കാണാന്‍ അതു സഹായിക്കുമെന്നും ചോദ്യങ്ങൾക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. കൂടാതെ രാജ്യത്തെ ആശുപത്രിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകളും ഒഴിവായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കേസുകളുടെ എണ്ണം കുറയ്ക്കുക, വാക്‌സിനേഷൻ നിർബന്ധമായും എടുക്കുക തുടങ്ങിയ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ബന്ധങ്ങളുടെ കെട്ടുറപ്പ് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.