ഫുഡ് ഡെലിവറി ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം

ഫുഡ് ഡെലിവറി ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്. നഗരത്തിലുടനീളം സർവീസ് നടത്തുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി സർവീസ് സ്റ്റാഫിന് കോവിഡ് പരിശോധന നിർബന്ധമാക്കുമെന്നും കോവിഡ് പരിശോധന നടത്താൻ ബന്ധപ്പെട്ട കമ്പനികൾക്ക് നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫുഡ് ഡെലിവറി നടത്തുന്നവർ നഗരത്തിൽ ധാരാളം ആളുകളുമായി സമ്പർക്കം പുലർത്തുന്നുണ്ട്. ഇത് കോവിഡ് രോഗവ്യാപനത്തിന് സാധ്യത വർധിപ്പിക്കുന്നുണ്ട്.

കോവിഡ് രണ്ടാം തരംഗം വളരെ രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ജനത്തിരക്ക് കുറയ്ക്കുന്നതിനായി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്ന് സർക്കാർ നിർദേശം ഉണ്ടായി. എന്നാൽ ഡെലിവറി ചെയ്യുന്ന ജീവനക്കാർ ധാരാളം ആളുകളുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യം ഉള്ളതിനാലാണ് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നത്.