തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ആശുപത്രികളില്‍ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് എല്ലാ വ്യാഴാഴ്ചകളിലും നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.
എ കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്കാരിക, മതസാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം.
ബി കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
സി കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയില്‍ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയില്‍. സി കാറ്റഗറിയില്‍ വരുന്ന ജില്ലകള്‍ ഇപ്പോള്‍ ഇല്ല.
സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുവദിക്കും. ഇവര്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, ബീച്ചുകള്‍, തീം പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഇവിടങ്ങളില്‍ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസര്‍ ലഭ്യമാക്കണം.