രാജ്യ താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ടുതന്നെ മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം ചോദ്യം ചെയ്യപ്പെടണം

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണായി കരുതപ്പെടുന്ന മാധ്യമങ്ങള്‍ക്ക് നേരെ കാലാകാലങ്ങളായി ഭരണകൂടങ്ങളില്‍നിന്നും സംഭവിച്ചിട്ടുള്ള കടന്നുകയറ്റങ്ങളും ഭരണഘടനാ വിരുധ നിലപാടുകളും എന്നും പ്രതിഷേധാര്‍ഹം തന്നെയാണ്. അടിച്ചമര്‍ത്തപ്പെടുന്നവന്റെ ശബ്ദമാകുന്ന മാധ്യമങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്.

മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ സംരക്ഷിക്കേണ്ടത് ഭരണകൂടങ്ങളുടെ കടമയായി മാറുന്നത്, ഓരോ മാധ്യമവും രാജ്യത്തിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കുംവേണ്ടി ജനാധിപത്യ വിശ്വാസികള്‍ക്കുവേണ്ടി നിലകൊള്ളുമ്പോഴാണ്. കാരണം, രാജ്യത്തിന് അകത്തുമാത്രമല്ല, അന്താരാഷ്ട്ര നിലവാരത്തിലും ഒരു രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിനിര്‍ത്തുന്നതില്‍ അതാത് രാജ്യങ്ങളിലെ മാധ്യമങ്ങള്‍ക്ക് കൃത്യമായ പങ്കുണ്ട്.

ഒപ്പംതന്നെ, ഓരോ മാധ്യമ സ്ഥാപനവും, രാജ്യത്തോടും നീതിന്യായ വ്യവസ്ഥയോടും കാണിക്കേണ്ട കൂറും കടമയും ഈ അവസരത്തില്‍ സ്മരിക്കാതിരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ സ്വകാര്യതയും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ കൃത്യമായ പങ്കുവഹിക്കേണ്ടിയിരിക്കുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും പ്രേക്ഷകര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഇടപെടുന്നതും ഒരു മാധ്യമത്തിന്റെ ദൈനംദിന തൊഴില്‍ രീതിയായോ കടമയായോ കരുതാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും, ഭരണകൂടങ്ങളുടെ ജനാധിപത്യ വിരുദ്ധ സമീപനങ്ങളും ഫാസിസ്റ്റ് നിലപാടുകളും മാധ്യമങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. പക്ഷേ, ഇത്തരം ചോദ്യം ചെയ്യലുകള്‍ നടത്തുമ്പോള്‍, ആവശ്യമെങ്കില്‍ കൃത്യമായ തെളിവുകള്‍ നിരത്തുന്നതിനും, പ്രേക്ഷകര്‍ക്കടക്കം വ്യക്തമായ മറുപടികള്‍ നല്‍കുന്നതിനും അതാത് മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നതും ഓര്‍ക്കണം.

മാധ്യമ സ്ഥാപനത്തെ എന്നല്ല, വ്യക്തമല്ലാത്ത സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു സ്ഥാപനത്തിന്റെയും പ്രവര്‍ത്തനത്തെ അവസാനിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. നടപടി നേരിടുന്ന സ്ഥാപനം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ മുടങ്ങിയ പണവും, ആ സ്ഥാപനത്തെ ഇന്നത്തെ നിലയിലെത്തിക്കുന്നതിന് കാലാകാലങ്ങളായി നൂറുകണക്കിന് ആളുകള്‍ ചിലവഴിച്ച സമയവും അധ്വാനവും, ഇന്ന് ആ സ്ഥാപനത്തെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന നൂറുകണക്കിന് ആളുകളുടെ ഭാവിയും ജീവിതവുമെല്ലാം ശക്തമായ ഒരു നടപടി എടുക്കുന്നതിന് മുമ്പ് പരിഗണിക്കുക എന്നത് ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്.

ഭരണകൂടങ്ങള്‍ തങ്ങളുടെ കടമ കൃത്യമായി നിറവേറ്റുകയും, മാധ്യമങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ കൃത്യമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന കാലത്തോളം സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ല. ഇരു വിഭാഗവും ഇത് തിരിച്ചറിയുകവഴി ലോകത്തിന് മാതൃകയാകുന്ന ഒരു രാഷ്ട്ര സങ്കല്‍പ്പം നമുക്കിടയില്‍ ഉയര്‍ന്നുവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.