തിരുവനന്തപുരം: കോവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കോവിഡ് ബാധിച്ചവര്‍ കരുതലോടെ ഏഴു ദിവസം ഗൃഹപരിചരണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടുത്ത രോഗലക്ഷണങ്ങളോ മൂന്ന് ദിവസത്തില്‍ കൂടുതലുള്ള പനിയോ ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടണം. ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒമിക്രോണിനെ നിസാരമായി കാണരുത്. വ്യാപനശേഷി വലുതാണ്. ഒമിക്രോണ്‍ ബാധിച്ചവരില്‍ 3 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രി സേവനം ആവശ്യമായുള്ളത്. 97 ശതമാനം പേരും ഗൃഹ പരിചരണത്തിലാണുള്ളത്. ഇതു മുന്നില്‍ കണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, കില എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കെ.എസ്.ഐ.എച്ച്.എഫ്. ഡബ്ല്യു പ്രിന്‍സിപ്പല്‍ പ്രസന്ന കുമാരി എന്നിവര്‍ സംസാരിച്ചു.
ഗൃഹപരിചരണം, പിന്തുണാ സഹായ സംവിധാനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. ജിതേഷ്, ഡോ. അമര്‍ ഫെറ്റില്‍ എന്നിവര്‍ സംസാരിച്ചു. ഡോ. കെ.ജെ. റീന, ഡോ. സ്വപ്നകുമാരി, ഡോ. ബിനോയ് എസ് ചന്ദ്രന്‍, ഡോ. ടി. സുമേഷ്, ഡോ. വിനീത, ഡോ. കെ.എസ്. പ്രവീണ്‍, പി.കെ. രാജു, ഡോ. വി.എസ്. ദിവ്യ എന്നിവര്‍ സംശയ നിവാരണം നടത്തി.