യുക്രെയിനില്‍നിന്ന് ഇതുവരെ എത്തിയത് 3093 മലയാളികള്‍

തിരുവനന്തപുരം: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ യുദ്ധ സാഹചര്യത്തില്‍ യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലും മുംബൈയിലുമെത്തിയ മലയാളികളെ നാട്ടില്‍ എത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. അവസാനം രാജ്യത്തെത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട 119 മലയാളികളെക്കൂടി ഇത്തരത്തില്‍ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഇതില്‍ 107 പേര്‍ ഡല്‍ഹിയില്‍നിന്നും 12 പേര്‍ മുംബൈയില്‍നിന്നും എത്തിയവരാണ്. ഇതോടെ യുക്രെയ്‌നില്‍നിന്നും മടങ്ങിയെത്തിയ മലയാളികളുടെ എണ്ണം 3093 ആയി.

ഡല്‍ഹിയില്‍നിന്നു നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ കൊച്ചിയിലേക്ക് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ 107 യാത്രക്കാര്‍ വൈകിട്ട് ആറു മണിയോടെ കൊച്ചിയില്‍ എത്തി. മുംബൈയില്‍നിന്നുള്ള 12 പേര്‍ ഇന്നു പുലര്‍ച്ചെയും സ്വദേശങ്ങളില്‍ എത്തി.