അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ലഭ്യമാക്കാന്‍ അവസരം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് (IDP) ലഭ്യമാക്കുന്നതില്‍ രാജ്യത്തുടനീളമുള്ള പൗരന്മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം 2022 ഓഗസ്റ്റ് 26-ന് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു.
1949-ലെ അന്താരാഷ്ട്ര റോഡ് ട്രാഫിക് കണ്‍വെന്‍ഷനില്‍ (ജനീവ കണ്‍വെന്‍ഷന്‍) ഒപ്പുവച്ചിട്ടുള്ള രാജ്യമായ  ഇന്ത്യ, ഈ കണ്‍വെന്‍ഷന്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം, രാജ്യങ്ങള്‍ പരസ്പരാടിസ്ഥാനത്തില്‍ അംഗീകരിക്കും വിധം IDP ലഭ്യമാക്കേണ്ടതുണ്ട്.
നിലവില്‍, നല്കുന്ന IDP യുടെ ഫോര്‍മാറ്റ്, വലിപ്പം, മാതൃക, നിറം മുതലായവ സംസ്ഥാനങ്ങളിലുടനീളം വ്യത്യസ്തമായിരുന്നു. ഇക്കാരണത്താല്‍, നിരവധി പൗരന്മാര്‍ വിദേശ രാജ്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.
ഇപ്പോള്‍, ഈ ഭേദഗതിയിലൂടെ, IDP-യുടെ ഫോര്‍മാറ്റ്, വലിപ്പം, നിറം മുതലായവ ജനീവ കണ്‍വെന്‍ഷന്റെ അടിസ്ഥാനമാതൃകയ്ക്ക് അനുസൃതമാനം വിധം ഇന്ത്യയിലുടനീളം ക്രമവത്കരിച്ചിട്ടുണ്ട്. IDP-യെ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്നതിന് ക്യുആര്‍ കോഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണ അതോറിറ്റികളുടെ സൗകര്യത്തിനായി, വിവിധ കണ്‍വെന്‍ഷനുകളിലും 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലും പ്രതിപാദിക്കുന്ന വാഹന വിഭാഗങ്ങളുടെ താരതമ്യവും ചേര്‍ത്തിട്ടുണ്ട്.