AI നമുക്കിടയില്‍ നടത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇതിനോടകം നമ്മള്‍ ബോധവാന്മാരാകണം

ദൈനംദിന ജീവിതത്തിൽ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ പല തരത്തിലുള്ള സംശയങ്ങൾക്കും ചർച്ചയ്ക്കും വഴിയൊരുക്കുന്നു. ഭാവിയിൽ മനുഷ്യനെ പിന്തള്ളി നിർമ്മിത ബുദ്ധി എല്ലാ മേഖലയിലേക്കും കടന്ന് കയറും എന്ന വേവലാതിയും നമുക്കിടയിൽ ഉണ്ട്. നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ പല സംശയങ്ങളും നിലനിൽക്കുന്ന സമയത്ത് പുതിയ തലമുറയ്ക്ക് ഉപദേശവുമായി വന്നിരിക്കുകയാണ് പെർപ്ലെക്‌സിറ്റി സി.ഇ.ഒ ആയ അരവിന്ദ് ശ്രീനിവാസ്. സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന് പകരം നിർമ്മിത ബുദ്ധിയെ കുറിച്ച് പഠിക്കാനാണ് അരവിന്ദ് ശ്രീനിവാസ് യുവാക്കളോട് അദ്ദേഹം പറയുന്നത്. വളരെ വേഗത്തിൽ നടക്കുന്ന നിർമ്മിത ബുദ്ധിയുടെ വികാസത്തോടൊപ്പം എത്തിച്ചേരുക മനുഷ്യരാശിയുടെ ആവശ്യമാണ്. മൂന്ന് മുതൽ ആറ് മാസം കൂടുമ്പോൾ നിർമ്മിത ബുദ്ധിയിൽ പുതിയ കാര്യങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്. ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്ന ആൾക്കാണ് ആധുനിക സമൂഹത്തിൽ ജോലി സാധ്യത കൂടുതൽ. അനുദിനം വളരുന്ന നിർമ്മിത ബുദ്ധിയെ കുറിച്ച് പഠിക്കാതിരിക്കുന്നവർ തൊഴിൽ മേഖലയിൽ നിന്ന് പിന്തള്ളപ്പെടുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നവർ ജോലി സ്ഥലത്ത് കൂടുതൽ പരിഗണിക്കപ്പെടുകയും ചെയ്യും. നിർമ്മിത ബുദ്ധിയുടെ വികാസത്തിലുള്ള വേഗത കാരണം ചില തൊഴിലാളികൾക്ക് അവരുടെ ജോലി നഷ്ടപ്പെടും. ഇങ്ങനെ തൊഴിൽ നഷ്ടപ്പെടുന്നവർ പരിഹാരമായി ഏതെങ്കിലും സംരംഭത്തെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്.