കോവിഡ് വ്യാപന സാഹചര്യത്തിൽ മെയ് 8 മുതൽ 15വരെ കർഫ്യൂ സമയം വൈകുന്നേരം ഏഴുമുതൽ രാവിലെ നാലുവരെയാക്കാനും വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. നിലവിൽ രാത്രി ഒമ്പതു മുതൽ രാവിലെ നാലു വരെയാണ് കർഫ്യൂ നിലവിലുള്ളത്. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷ സീസണായ പെരുന്നാൾ സന്ദർഭത്തിൽ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യങ്ങളെ തടയാനുദ്ദേശിച്ചാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ആവശ്യ വസ്തുക്കളൊഴികെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിരോധിക്കാനാണ് തീരുമാനം. ഭക്ഷ്യകടകൾ, എണ്ണ പമ്പുകൾ, ആരോഗ്യ ക്ലിനികുകളും ആശുപത്രികളും, ഫാർമസികൾ, ഹോം ഡെലിവറി സേവനങ്ങൾ എന്നിവയെയാണ് നിരോധത്തിൽ നിന്ന് ഒഴിവാക്കിയത്. ഈദുൽ ഫിത്വർ കടന്നു വരുന്ന ആഴ്ചയലിലാണ് ശക്തമായ നിയന്ത്രണം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈദുൽ ഫിത്വറിന് പെരുന്നാൾ നമസ്കാരവും പരമ്പരാഗത ഈദ് വിപണികളും നടത്തേണ്ടതില്ലെന്നും ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവയുൾപ്പെടെ വിവിധയിടങ്ങളിൽ ഒത്തുചേരുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ കൂടിച്ചേരലിനും കൂട്ടായുള്ള ആഘോഷ പരിപാടികൾക്കും നിയന്ത്രണം ബാധകമാണ്.
മെയ് 11മുതൽ മൂന്നുദിവസം ജീവനക്കാർ തൊഴിലിടങ്ങളിൽ വരേണ്ടതില്ലെന്നും സർക്കാർ സ്ഥാപനങ്ങളിൽ വിദൂര തൊഴിൽ സംവിധാനം നടപ്പിലാക്കാനും ഉത്തവിലുണ്ട്. സ്വകാര്യ സ്ഥാപനങ്ങളോടും ഈ ദിവസങ്ങളിൽ ജോലി സ്ഥലങ്ങളിലേക്ക് വരേണ്ട തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്.