വിഴിഞ്ഞത്ത് 500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ട് സർക്കാർ

മത്സ്യത്തൊഴിലാളികളുടെ കണ്ണീര് വീഴ്ത്തുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ തറക്കല്ലിടലും നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം-പൂവാർ റോഡിൽ തെന്നൂർക്കോണത്ത് നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിർമാണം കാരണം വിഴിഞ്ഞം പ്രദേശത്തെ മത്സ്യബന്ധനയാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതിനാൽ അധിക ഇന്ധനം ചെലവായതിനുള്ള നഷ്ടപരിഹാര ഉപജീവനസഹായം മുഖ്യമന്ത്രി വിതരണം ചെയ്തു. 1,335 ഗുണഭോക്താക്കൾക്കായുള്ള 35 കോടി രൂപ നഷ്ടപരിഹാര ഉപജീവന സഹായം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകും.

വിഴിഞ്ഞത്ത് ഏറ്റവും അത്യാധുനികമായ, എല്ലാ വിധ പുത്തൻ സംവിധാനങ്ങളോടു കൂടിയ മത്സ്യബന്ധന തുറമുഖം നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യ ഉൽപ്പന്നങ്ങൾ കൃത്യമായി മാർക്കറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഉറപ്പാക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിക്കുന്നതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തിൽ മാറ്റം വരുന്നുണ്ടെന്ന് ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി പുതിയ അക്കാദമിക് കോഴ്‌സുകൾ തുടങ്ങും. തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും പരിശോധിച്ച് സമയബന്ധിതമായി പരിഹരിക്കും. ഈ സർക്കാർ ആറ് മാസം പൂർത്തിയാക്കുമ്പോൾ കേരളത്തിന് അഭിമാനിക്കാനാകുന്ന ഒട്ടേറെ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.