2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെസി ഡാനിയൽ പുരസ്‌കാരം അനുഗ്രഹീത അഭിനേത്രി ശാരദയ്ക്ക്  മുഖ്യമന്ത്രി സമ്മാനിച്ചു. മലയാള സിനിമയുടെ 35 വിഭാഗങ്ങളിൽ മികവ് തെളിയിച്ച കലാകാരന്മാർക്കുള്ള അംഗീകാരമാണിതെന്നും, മലയാള സിനിമയുടെ കലാപരമായ വളർച്ചയെ ചരിത്രപരമായി അടയാളപ്പെടുത്തുക എന്ന ദൗത്യമാണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാള സിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്നത് ശാരദയാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലഭിച്ച ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തെ സ്വന്തം ജന്മദേശം പോലെ നെഞ്ചിലേറ്റിയ ശാരദയെ ആദരിക്കുന്നത് മലയാള സിനിമയുടെ സമ്പന്നമായ ചരിത്രത്തെ ആദരിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മമ്മൂട്ടിക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നതിലുള്ള സന്തോഷം അദ്ദേഹം വേദിയിൽ പങ്കുവെച്ചു. നാലര പതിറ്റാണ്ടുകളായി 420-ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം, ഓരോ ചിത്രത്തിലും പുതിയ ഭാവപ്പകർച്ചകൾ കൊണ്ടുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.