പി.എസ്.സിയില്‍ നടന്നത് വ്യാപക ക്രമക്കേടുകള്‍, ചെയര്‍മാനും അംഗങ്ങള്‍ക്കും എതിരെ കോഴ ആരോപണം, ഗവര്‍ണര്‍ക്ക് അടക്കം പരാതി നല്‍കി ഉദ്യോഗാര്‍ത്ഥികള്‍

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സിയില്‍ വ്യാപക ക്രമക്കേട് നടന്നതായി ഉദ്യോഗാര്‍ത്ഥികള്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പുറമെ ഗവര്‍ണര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കി. പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും എതിരെ കോഴ ആരോപണമടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

ഫിഷറീസ് വകുപ്പിലെ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അടക്കമുള്ള തസ്തികകളിലേക്ക് നടന്ന പരീക്ഷകളില്‍ കുഫോസിലെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് മുന്‍ഗണന ലഭിച്ചെന്നും ആകെ നടത്തിയ 44 നിയമനങ്ങളില്‍ 38 പേരും കുഫോസിലെ വിദ്യാര്‍ഥികളാണെന്നും ആക്ഷേപമുണ്ട്. ചോദ്യപ്പേപ്പര്‍ തയാറാക്കിയവരിലും അഭിമുഖം നടത്തുന്ന ബോര്‍ഡിലും ഈ സര്‍വകലാശാലയുമായി ബന്ധപ്പെട്ടവരാണെന്നും പരാതിയുണ്ട്. പുറത്തുള്ള ഏജന്‍സി ഇത് അന്വേഷിക്കണമെന്ന് ഫിഷറീസ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടും നടപടിയില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.

ഇതിന് പുറമെ പി.ആര്‍.ഡിയിലേയ്ക്ക് നടന്ന അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ഡിവൈഎസ്പി (സ്‌പെഷല്‍ റിക്രൂട്‌മെന്റ്), ലോ കോളജ് അസിസ്റ്റന്റ് പ്രഫസര്‍, കെഎഎസ്, സര്‍വകലാശാല പിആര്‍ഒ എന്നിവയിലും വ്യാപക ക്രമക്കേട് നടന്നതായി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.