വിദ്യാർത്ഥികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സുരക്ഷിതവും സമയബന്ധിതവുമായ സഹായം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ‘സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്’ കണ്ണൂരിന്റെ നേതൃത്വത്തിൽ ‘സ്നേഹിത പോക്കറ്റ് കാർഡ്’ പദ്ധതി ആരംഭിച്ചു. വിദ്യാലയങ്ങളിലും യാത്രകളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും, സഹായമെത്തിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ സേവനങ്ങൾ, സ്ത്രീ-ശിശു സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന ഹെൽപ്ലൈൻ നമ്പറുകൾ, മറ്റ് അടിയന്തര എമർജൻസി കോൺടാക്ട് നമ്പറുകൾ എന്നിവ പോക്കറ്റ് കാർഡിൽ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏത് അടിയന്തര സാഹചര്യത്തിലും കുട്ടികൾക്ക് ഭയമില്ലാതെ സഹായം തേടാൻ ആവശ്യമായ വിവരങ്ങൾ എപ്പോഴും എളുപ്പത്തിൽ കൈവശം സൂക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് പോക്കറ്റ് കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മോഡൽ ജെൻഡർ റിസോഴ്സ് സെന്ററിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിലെ ജെൻഡർ ക്ലബ് അംഗങ്ങൾക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾക്കുമാണ് കാർഡുകൾ വിതരണം ചെയ്യുന്നത്. തുടർന്ന് ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വിദ്യാർത്ഥികൾക്കിടയിൽ സുരക്ഷിതത്വ ബോധവും ലിംഗസമത്വ അവബോധവും വളർത്തുന്നതിൽ കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീയുടെയും ഈ സംരംഭം മികച്ച മാതൃകയാണ്.

