സ്ത്രീകള്‍ക്ക് എതിരായ വിവാദ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി ജോണ്‍

പ്രിയദര്‍ശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത വകുപ്പുമന്ത്രി സി.പി ജോണ്‍. വാക്കുകള്‍ താന്‍ ശ്രദ്ധിക്കണമായിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പ്രതികരിച്ചു.

താന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന് സ്ത്രീകളോട് ഒരു തരത്തിലുള്ള വിവേചനവുമില്ല. സൗജന്യയാത്ര സ്ത്രീകളുടെ അവകാശമാണ്. ആരും ആവശ്യപ്പെട്ട പ്രകാരമല്ല താന്‍ ഖേദം പ്രകടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രിയദര്‍ശിനി പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണ്. അഭിമാനകരമായ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതി ഉപേക്ഷിക്കുമെന്ന് ആര്‍ക്കും സംശയം വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.