അര്ജുന് ആയങ്കിക്കൊപ്പം നില്ക്കുന്ന രീതിയില്‍ തന്റെ എഐ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതിന് എതിരെ സിപിഎം നേതാവ് പി.ജയരാജന്. ജയരാജന്, അര്ജുന് ആയങ്കിയുടെ തോളില്‍ കയ്യിട്ട് നില്ക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രം എഐ നിര്‍മ്മിതമാണെന്നും, ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടി നീക്കിയ കൈവിരലുകള്‍ ചിലര്‍ എഐ ഉപയോഗിച്ച് തിരികെ നല്‍കിയതായും അദ്ദേഹം പ്രതികരിച്ചു.
ജയരാജന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്: 27 വര്‍ഷം മുന്‍പ് ഒരു തിരുവോണ നാളില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതുകൈയ്യിലെ പെരുവിരല്‍. ഇപ്പോള്‍ ചിലര്‍ എഐ സര്‍ജറിയിലൂടെ നഷ്ടപ്പെട്ട വിരല്‍ അടക്കം ചേര്‍ത്ത് തന്നിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങി.

