കുട്ടികളുടെ നിശ്ശബ്ദത കേൾക്കാൻ സമൂഹം തയ്യാറാകണം: മന്ത്രി ബിന്ദു കൃഷ്ണ

കുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതിന് പിന്നിലെ അതിതീവ്രമായ മാനസികവേദന തിരിച്ചറിയാൻ കുടുംബവും വിദ്യാലയവും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനിതാ-ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘Let’s Talk, Let’s Listen, Let’s Support’ മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലോക ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബർ 10ന് ആരംഭിച്ച ക്യാമ്പയിൻ ഒക്ടോബർ 10 വരെ തുടരും.

കുട്ടികളുടെ മാനസികപ്രശ്‌നങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിയുകയും അവരെ കുറ്റപ്പെടുത്താതെ കേൾക്കുകയും വേണം. കുട്ടികൾക്ക് തുറന്നുസംസാരിക്കാനും സഹായം തേടാനും സുരക്ഷിതമായ ഇടങ്ങൾ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ഒരുക്കണം. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക-സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നത് കുടുംബത്തിന്റെയോ സർക്കാരിന്റെയോ മാത്രം ചുമതലയല്ലെന്നും സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.