കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ‘സൈബർ സേഫ് കേരള 2026’ എന്ന പുതിയ പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള പോലീസിന്റെ സൈബർ ഡോമിന്റെ നേതൃത്വത്തിൽ ലെ മെറിഡിയനിൽ സംഘടിപ്പിച്ച കിഡ് ഗ്ലോ സൈബർ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡിജിറ്റൽ ലോകത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുനിൽക്കാനാകാത്ത സാഹചര്യത്തിൽ കുട്ടികളെ സൈബർ ഇടങ്ങളിൽ നിന്ന് അകറ്റിനിർത്തുകയല്ല, മറിച്ച് സൈബർ സ്മാർട്ടായും ഉത്തരവാദിത്തത്തോടെയും ഇടപെടാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സൈബർ ബുള്ളിയിങ്, വ്യാജവാർത്ത, ഗെയിമിങ് അഡിക്ഷൻ തുടങ്ങിയ അപകടങ്ങളെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും തുടർച്ചയായ ബോധവത്കരണം ആവശ്യമാണ്. ഒരുതവണത്തെ ബോധവത്കരണത്തിൽ ഒതുങ്ങാതെ സുസ്ഥിരമായ ഡിജിറ്റൽ ഉത്തരവാദിത്തം വളർത്തിയെടുക്കണം. കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിനൊപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

