ലക്നൗ : ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് ബി.ജെ.പി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാന ചര്‍ച്ചകള്‍ നടത്തുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തും.
നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. യോഗങ്ങളില്‍ കേന്ദ്രമന്ത്രിമാരും, എംപിമാരും പങ്കെടുക്കും. നാളെ ആഗ്രയില്‍ സംഘടിപ്പിക്കുന്ന കൊറോണ മുന്നണി പോരാളികളുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ബിജെപി ആസ്ഥാനം സന്ദര്‍ശിക്കുന്ന അദ്ദേഹം കോര്‍കമ്മിറ്റി അംഗങ്ങളുമായും സംവദിക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികസന നേട്ടങ്ങള്‍ പരമാവധി ജനങ്ങളിലേയ്ക്ക് എത്തിച്ച് തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. അതിനായി ജനങ്ങളിലേയ്ക്ക് എളുപ്പത്തില്‍ ഇറങ്ങിച്ചെല്ലുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ക്കായിരിക്കും ബി.ജെ.പി പ്രധാന്യം നല്‍കുക. യു.പി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ ബി.ജെ.പി ഏറെ മുന്നിലാണെന്ന് ജെ.പി നദ്ദയുടെ സന്ദര്‍ശനം അടിവരയിടുന്നു.