2023-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ എന്നിവ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നത് 2022 മെയ് 1-ന് ആരംഭിച്ചു. നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തീയതി 2022 സെപ്റ്റംബര്‍ 15 ആണ്. പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ ഓണ്‍ലൈനില്‍ രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ട്ടല്‍ https://awards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
പത്മവിഭൂഷണ്‍ , പത്മഭൂഷണ്‍, പത്മശ്രീ എന്നീ പത്മപുരസ്‌കാരങ്ങള്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡുകളില്‍ ഒന്നാണ്. 1954-ല്‍ ആരംഭിച്ച ഈ അവാര്‍ഡുകള്‍ എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്. ‘വിശിഷ്ട പ്രവര്‍ത്തനം’ അംഗീകരിക്കുന്നതിനും ഒപ്പം കല, സാഹിത്യം & വിദ്യാഭ്യാസം, കായികം, ആരോഗ്യ രംഗം, സാമൂഹിക പ്രവര്‍ത്തനം, ശാസ്ത്രം & എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങള്‍, പൊതു സേവനം, വ്യാപാരം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും/ശാഖകളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം എന്നിവയ്ക്കാണ് പുരസ്‌കാരം നല്‍കുന്നത്. വംശം, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ പുരസ്‌കാരത്തിന് അര്‍ഹരാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്ന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
പത്മ അവാര്‍ഡുകള്‍ ”ജനങ്ങളുടെ പത്മ” ആക്കി മാറ്റാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ എല്ലാ പൗരന്മാരും സ്വയം-നാമനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സ്ത്രീകള്‍, സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ദിവ്യാംഗങ്ങള്‍, സമൂഹത്തിന് നിസ്വാര്‍ത്ഥമായ സേവനം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്ന് മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടാന്‍ അര്‍ഹരായ കഴിവുള്ള വ്യക്തികളെ തിരിച്ചറിയാന്‍ യോജിച്ച ശ്രമങ്ങള്‍ നടത്തണം.
മേല്‍പ്പറഞ്ഞ പോര്‍ട്ടലില്‍ ലഭ്യമായ ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിര്‍ദ്ദേശങ്ങളില്‍/ശുപാര്‍ശകളില്‍ അടങ്ങിയിരിക്കണം. കൂടാതെ, ശുപാര്‍ശ ചെയ്തിട്ടുള്ള വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉള്‍പ്പെടുത്തണം.
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ (https://mha.gov.in) ‘അവാര്‍ഡുകളും മെഡലുകളും’ എന്ന ശീര്‍ഷകത്തില്‍ ലഭ്യമാണ്. https://padmaawards.gov.in എന്ന പത്മ അവാര്‍ഡ് പോര്‍ട്ടലിലും വിവരങ്ങള്‍ ലഭ്യമാണ്.
ഈ അവാര്‍ഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കില്‍ ലഭ്യമാണ്.