സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. പുതുതായി 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതോടെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മികച്ച സ്‌കോറോടെയാണ് സംസ്ഥാനത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചത്. ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 135 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയത്. ബാക്കിയുള്ള സ്ഥാപനങ്ങളെ കൂടി മിഷൻ അടിസ്ഥാനത്തിൽ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.