എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതെങ്ങനെ? ഇനി ആശങ്ക വേണ്ട; എല്ലാം അറിയാം വിശദമായി

ന്യൂഡൽഹി: സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) വീടുകളിലെത്തിക്കുന്ന എന്യൂമറേഷൻ ഫോം കണ്ട് പലർക്കും ആശങ്കയുണ്ട്. പഴയ വിവരങ്ങൾ എവിടെ കിട്ടും? ഏതെല്ലാം കോളങ്ങൾ പൂരിപ്പിക്കണം? 2025ലെ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് ലഭിക്കുന്ന ഈ ഫോം പൂരിപ്പിക്കാൻ ഇനി ആശയക്കുഴപ്പം വേണ്ട. രമേശൻ, സുരേശൻ, ദിനേശൻ എന്നിങ്ങനെ മൂന്ന് പേരുടെ ഉദാഹരണങ്ങളിലൂടെ ഇത് ലളിതമായി മനസ്സിലാക്കാം.

എളുപ്പത്തിനായി എന്യൂമറേഷൻ ഫോമിനെ മൂന്ന് ഭാഗങ്ങളായി (എ, ബി, സി) തിരിച്ചാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.

ആരൊക്കെ, എന്തൊക്കെ പൂരിപ്പിക്കണം?

  1. രമേശൻ (2002ലെ പട്ടികയിൽ പേരുള്ളയാൾ): ഇദ്ദേഹം പൂരിപ്പിക്കേണ്ടത് ഫോമിന്റെ (എ), (ബി) ഭാഗങ്ങൾ മാത്രമാണ്.
  2. സുരേശൻ (2002ലെ പട്ടികയിലില്ല, പക്ഷേ ഉറ്റബന്ധുവുണ്ട്): ഇദ്ദേഹത്തിന്റെ പേര് 2002-ൽ ഇല്ല, പക്ഷേ അച്ഛൻ മാധവന്റെ പേരുണ്ട്. ഇദ്ദേഹം പൂരിപ്പിക്കേണ്ടത് (എ), (സി) ഭാഗങ്ങൾ മാത്രം.
  3. ദിനേശൻ (2002ൽ ആരുമില്ല): 2002-ലെ പട്ടികയിൽ ഇദ്ദേഹമോ ഉറ്റബന്ധുക്കളോ ഇല്ല. ഇദ്ദേഹം (എ) ഭാഗം മാത്രം പൂരിപ്പിച്ചാൽ മതി. (പിന്നീട് നോട്ടിസ് ലഭിക്കുമ്പോൾ രേഖകൾ ഹാജരാക്കണം).

തയാറെടുപ്പ്: പഴയ വിവരങ്ങൾ എവിടെ കിട്ടും?

ഫോം പൂരിപ്പിക്കുന്നതിന് മുൻപ് 2002-ലെ വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്.

  • വെബ്സൈറ്റ്: ceo.kerala.gov.in/voter-search സന്ദർശിക്കുക.
  • തിരയേണ്ട വിധം: ജില്ല, നിയമസഭാ മണ്ഡലം (2002-ൽ വോട്ടറായിരുന്ന മണ്ഡലം), ബൂത്ത്, പേര് എന്നിവ നൽകി സേർച് ചെയ്യാം. മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള ഗൂഗിൾ ടൂൾ സൈറ്റിലുണ്ട്.
  • വിവരങ്ങൾ കുറിച്ചെടുക്കുക: അന്നത്തെ പേര്, എപിക് (EPIC) നമ്പർ, ബന്ധു (Related Person), ബന്ധം, പാർട്ട് നമ്പർ, ക്രമനമ്പർ എന്നിവ കുറിച്ചുവയ്ക്കുക. വീട്ടുനമ്പറിൽ ക്ലിക്ക് ചെയ്താൽ വീട്ടിലെ മറ്റുള്ളവരുടെ വിവരങ്ങളും ലഭിക്കും.

ഫോം പൂരിപ്പിക്കേണ്ട വിധം

1. ‘എ’ ഭാഗം (എല്ലാവരും പൂരിപ്പിക്കണം)

ഇവിടെ നൽകേണ്ടത് നിലവിലെ വിവരങ്ങൾ ആണ്.

  • ജനനത്തീയതി, ആധാർ, മൊബൈൽ നമ്പർ.
  • അച്ഛന്റെയും അമ്മയുടെയും ജീവിതപങ്കാളിയുടെയും പേരുകൾ.
  • ഇവരുടെ നിലവിലുള്ള എപിക് നമ്പർ (ലഭ്യമെങ്കിൽ മാത്രം). 2002ലെ നമ്പറല്ല ഇവിടെ നൽകേണ്ടത്.

2. ‘ബി’ ഭാഗം (രമേശനെപ്പോലെ 2002ലെ പട്ടികയിലുള്ളവർക്ക്)

ഇവിടെ നൽകേണ്ടത് 2002ലെ പട്ടികയിലെ വിവരങ്ങൾ ആണ്.

  • വോട്ടറുടെ പേര്: 2002ലെ പട്ടികയിൽ പേര് എങ്ങനെയാണോ (ഉദാ: ആർ.രമേശൻ എന്നത് ‘രമേശൻ’ എന്നാണെങ്കിൽ അങ്ങനെ തന്നെ) അത് എഴുതുക.
  • എപിക് നമ്പർ: 2002ലെ ഐഡി കാർഡ് നമ്പർ. (അന്ന് കാർഡിൽ നമ്പറില്ലെങ്കിൽ ഒഴിവാക്കാം).
  • ബന്ധുവിന്റെ പേര്: 2002ൽ നിങ്ങളുടെ പേരിന് നേരെ ‘റിലേറ്റഡ് പഴ്സൻ’ എന്ന കോളത്തിൽ ഉണ്ടായിരുന്ന പേര് (ഉദാ: പിതാവ് ഗോപാലൻ).
  • ബന്ധം: അന്ന് രേഖപ്പെടുത്തിയിരുന്ന ബന്ധം (ഉദാ: പിതാവ്/മാതാവ്).
  • മണ്ഡലം/നമ്പർ: 2002ൽ വോട്ടറായിരുന്ന മണ്ഡലത്തിന്റെ പേരും നമ്പറും, പാർട്ട് നമ്പർ, ക്രമനമ്പർ എന്നിവ പഴയ പട്ടികയിൽ നിന്നും നോക്കി എഴുതുക.

3. ‘സി’ ഭാഗം (സുരേശനെപ്പോലെ ഉറ്റബന്ധു പട്ടികയിലുള്ളവർക്ക്)

സ്വന്തം പേരില്ലാത്തതിനാൽ, 2002ലെ പട്ടികയിലുള്ള ഉറ്റബന്ധുവിന്റെ (അച്ഛൻ, അമ്മ, സഹോദരങ്ങൾ തുടങ്ങിയവർ) വിവരങ്ങളാണ് നൽകേണ്ടത്.

  • വോട്ടറുടെ പേര്: ഇവിടെ നിങ്ങളുടെ പേരല്ല, പകരം 2002ലെ പട്ടികയിലുള്ള ബന്ധുവിന്റെ (ഉദാ: അച്ഛൻ മാധവൻ) പേരാണ് എഴുതേണ്ടത്.
  • എപിക് നമ്പർ: ആ ബന്ധുവിന്റെ 2002ലെ എപിക് നമ്പർ.
  • ബന്ധുവിന്റെ പേര്: 2002ലെ പട്ടികയിൽ ആ ബന്ധുവിന്റെ (മാധവന്റെ) പേരിനു നേരെ നൽകിയിരിക്കുന്ന വ്യക്തിയുടെ പേര് (ഉദാ: മാധവന്റെ അച്ഛൻ ഭാസ്കരൻ).
  • ബന്ധം: മാധവനും ഭാസ്കരനും തമ്മിലുള്ള ബന്ധമാണ് എഴുതേണ്ടത്. (അല്ലാതെ അപേക്ഷകനും മാധവനും തമ്മിലുള്ള ബന്ധമല്ല).

പ്രത്യേകം ശ്രദ്ധിക്കാൻ

  • ഫോട്ടോ: വോട്ടർ പട്ടികയിലെ ചിത്രം മാറ്റണമെന്നുണ്ടെങ്കിൽ മാത്രം പുതിയ ഫോട്ടോ ഒട്ടിക്കുക.
  • രണ്ട് കോപ്പി: ഒരു വോട്ടർ രണ്ട് ഫോം പൂരിപ്പിക്കണം. ഒന്ന് ബിഎൽഒയ്ക്ക് നൽകുക, രണ്ടാമത്തേതിൽ ഒപ്പ് വാങ്ങി രസീതായി സൂക്ഷിക്കുക.
  • ഒപ്പ്: ഫോമിൽ തീയതി സഹിതം ഒപ്പിടുക. വീട്ടിലില്ലാത്തവരുടെ ഫോമിൽ മുതിർന്ന അംഗത്തിന് (ബന്ധം രേഖപ്പെടുത്തി) ഒപ്പിടാം.
  • ഓൺലൈൻ: voters.eci.gov.in എന്ന വെബ്സൈറ്റിലെ ‘Fill Enumeration Form’ വഴിയും ഇത് ചെയ്യാവുന്നതാണ്.