ഇന്ത്യ ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ലെന്ന് ആര്‍‌എസ്എസ് മേധാവി മോഹൻ ഭാഗവത്

ഭാരതത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ്. ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിനു വര്‍ഷത്തെ സാംസ്കാരിക തുടര്‍ച്ചയില്‍ വേരൂന്നിയ സ്വത്വമാണെന്നും ആര്‍‌എസ്എസ് മേധാവി മോഹൻ ഭാഗവത് ഗുവാഹത്തിയില്‍ പറഞ്ഞു.

`ഇന്ത്യയും ഹിന്ദുവും പര്യായങ്ങളാണ്. ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യയ്ക്ക് ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല. ആര്‍എസ്എസ് രൂപീകരിക്കപ്പെട്ടത് ആരെയും എതിര്‍ക്കാനോ ഉപദ്രവിക്കാനോ വേണ്ടിയല്ല, മറിച്ച് സ്വഭാവ രൂപീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യയെ ഒരു ആഗോള നേതാവാക്കുന്നതിനു സംഭാവന നല്‍കാനുമാണ്. വൈവിധ്യങ്ങള്‍ക്കിടയിലും ഭാരതത്തെ ഒന്നിച്ചു നിര്‍ത്തുന്ന രീതിശാസ്ത്രത്തെ ആര്‍‌എസ്‌എസ് എന്ന് വിളിക്കുന്നു“ – മോഹൻ ഭാഗവത് പറഞ്ഞു.

ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണ് വടക്കുകിഴക്കൻ‌ സംസ്ഥാനങ്ങള്‍. ലചിത് ബോര്‍ഫുകനെയും ശ്രീമന്ത ശങ്കര്‍ദേവയെയും പോലെയുള്ളവര്‍ പ്രാദേശിക തലത്തില്‍ മാത്രമല്ല, ദേശീയതലത്തിലും പ്രസക്തിയുണ്ട്. എല്ലാ ഇന്ത്യക്കാര്‍ക്കും അവര്‍ പ്രചോദനമാണ്. രാഷ്ട്ര നിര്‍മാണത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കൂട്ടായും നിസ്വാര്‍ഥമായും പ്രവര്‍‌ത്തിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അസമില്‍ എത്തിയതാണ് മോഹൻ ഭാഗവത്. നാളെ അദ്ദേഹം മണിപ്പുരിലേക്ക് തിരിക്കും.