വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ബില്ല് ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന നാരീശക്തി വന്ദന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണം. അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതല്‍ കരുത്ത് നല്‍കും. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. ഈ തീരുമാനം ഇന്ത്യയുടെ ഭാവി മാറ്റുമെന്നും മോദി പറഞ്ഞു. ഏപ്രില്‍ 16 ന് ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണം യാഥാര്‍ത്ഥ്യമാകും. 2023 ല്‍ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാര്‍ലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023 ലെ മാതൃകയില്‍ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു

