റേഷന്‍ കടകളിലൂടെ സൗജന്യ നെയ്യ്, ബസ്മതി അരി തുടങ്ങിയവ പെരുന്നാള്‍ സമ്മാനമായി സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നതായ വാര്‍ത്തകള്‍ വ്യാജമെന്ന് അധികൃതര്‍. പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇരുണ്ട കാലത്തിന് അറുതി വരുത്തിയ യു.ഡി.എഫ് വിജയത്തിന്റെ ആഹ്ളാദ സൂചകമായി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നു എന്ന രീതിയിലാണ് പോസ്റ്റര്‍ വ്യാപകമായി പ്രചരിച്ചത്.
ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും അഞ്ചുകിലോ ബസ്മതി അരിയും രണ്ടുകിലോ ശുദ്ധമായ നെയ്യും നാളെമുതല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുമെന്ന് പോസ്റ്റര്‍ അവകാശപ്പെടുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്റെ ചിത്രം ഉള്‍പ്പടെയാണ് പോസ്റ്റര്‍ പ്രചരിച്ചത്. ഇതോടെ പല സ്ഥലങ്ങളിലും ജനങ്ങള്‍ വ്യാപകമായി റേഷന്‍ കടകളിലേയ്ക്ക് ഒഴുകിയെത്തി. ഏറെ പണിപ്പെട്ടാണ് റേഷന്‍ കട ഉമകള്‍ ഉപഭോക്താക്കളെ വാര്‍ത്തയുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.

