പുനലൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു: ഒഴിവായത് വന്‍ ദുരന്തം

പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചടയമംഗലത്തുവെച്ചാണ് അപകടമുണ്ടായത്. എന്നാല്‍ ആര്‍ക്കും അപകടമില്ല.

ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഇന്ന് പുലര്‍ച്ചെ 5.30ഓടെ ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ചായിരുന്നു അപകടം. ബസിന്റെ മുന്‍ വശത്തെ ടയറിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. ബസില്‍ എട്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.