ശബരിമല അയ്യപ്പ സംഗമം ഇനി വേണ്ട: സേവനങ്ങള്‍ ഡിജിറ്റലാക്കാന്‍ ഒരുങ്ങി ദേവസ്വം ബോര്‍ഡ്

ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും ഡിജിറ്റലാക്കുമെന്നും അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാന്‍. ഇനി മുതല്‍ അയ്യപ്പ സംഗമം ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്തെ 550 മുറികള്‍ ഇനി മുതല്‍ ഭക്തര്‍ക്കായി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. മുന്‍പ് ഇത് 190 മുറികള്‍ മാത്രമായിരുന്നു. എല്ലാ മുറികള്‍ക്കും ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുറികള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഡെപ്പോസിറ്റ് തുക പൂര്‍ണമായും ഒഴിവാക്കി. മുറിവാടക മുന്‍കൂറായി നല്‍കി, വെറും 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കി ഭക്തര്‍ക്ക് മുറികള്‍ ബുക്ക് ചെയ്യാം. സന്നിധാനത്ത് നിലവില്‍ മുറികളും പരിസരവും വൃത്തിയാക്കാന്‍ പ്രത്യേക ആളുകളില്ലാത്തതിനാല്‍ ഈ സീസണ്‍ മുതല്‍ ശുചീകരണ ജോലികള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറും. ശബരി ഗസ്റ്റ് ഹൗസിലുള്ള 56 മുറികള്‍ക്ക് പുറമെ ഹൈക്കോടതിയുടെയും ഹൈപ്പവര്‍ കമ്മിറ്റിയുടെയും അനുമതിയോടെ 60 പുതിയ മുറികള്‍ കൂടി നിര്‍മ്മിക്കും. നവംബര്‍ ഒന്നു മുതല്‍ 90 ദിവസത്തേക്ക് ദേവസ്വം ബോര്‍ഡ് ഓഫീസില്‍ എഐ ക്യാമറകള്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങളോടെ കണ്‍ട്രോള്‍ റൂം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.