ഡിജിറ്റല്‍ ടിക്കറ്റുകളില്‍ റെയില്‍വേ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍

റെയില്‍വേ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍. ടിക്കറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍, ഫോട്ടോകള്‍,പി.ഡി.എഫ് കോപ്പികള്‍, വാട്‌സ്ആപ്പ് പോലുള്ള ആപ്പുകളിലൂടെ പങ്കുവെയ്ക്കുന്ന ടിക്കറ്റിന്റെ ചിത്രങ്ങള്‍ എന്നിവ യഥാര്‍ത്ഥ ടിക്കറ്റുകളായി പരിഗണിക്കില്ലെന്നാണ് റെയില്‍വേയുടെ നിലപാട്. പകരം റെയില്‍വണ്‍ ആപ്പുകളിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ യഥാര്‍ത്ഥ തെളിവായി ടിക്കറ്റുകള്‍ എടുത്ത ഫോണില്‍തന്നെ അവ കാണിക്കണമെന്നാണ് ചട്ടം. അല്ലാത്തപക്ഷം ടിക്കറ്റ് അസാധുവായി പരിഗണിക്കുകയും, ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാന്‍ ശ്രമിച്ചതിന് പിഴ അടക്കേണ്ടിയും വരുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊര്‍ബ-വിശാഖപട്ടണം ലിങ്ക് എക്സ്പ്രസില്‍ ഒരു യാത്രക്കാരന്‍ ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് കാണിച്ച് യാത്ര ചെയ്യുകയും അത് ട്രെയിന്‍ പുറപ്പെട്ടതിനുശേഷം എടുത്തതാണെന്നും കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് റെയില്‍വേയുടെ വിശദീകരണം. അതേസമയം റിസര്‍വ്ഡ് ടിക്കറ്റുകളെ ഈ നിബന്ധനകള്‍ ബാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.