ദേശീയഗീതം ‘വന്ദേമാതരം’ ആലപിക്കുന്നതിന് മാര്‍ഗ്ഗരേഖകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തുവിട്ടു.
ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിര്‍ത്തുന്നതിനൊപ്പം രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ദേശീയഗീതം ആലപിക്കുമ്പോള്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ യഥാര്‍ത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണ്ണമായി ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം പാടുന്ന മുന്‍പത്തെ രീതി ഇതോടെ അവസാനിക്കും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളില്‍, വന്ദേമാതരം വേണം ആദ്യം ആലപിക്കാന്‍. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനം ആലപിക്കണം.
പൂര്‍ണ്ണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കന്‍ഡുമാണ്. മിലിട്ടറി/പൊലീസ് ബാന്‍ഡുകള്‍ ഈ ഗീതം പ്ലേ ചെയ്യുമ്പോള്‍, സദസ്സിന് മുന്നറിയിപ്പ് നല്‍കാനായി ഏഴ് തവണ ഡ്രം റോള്‍ അടിച്ച് വേണം ആരംഭിക്കാന്‍. സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും ദൈനംദിന പ്രാര്‍ത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യു.ജി.സിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

