സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് സൂചന. മഴ ലഭിക്കാത്തതും കനത്ത ചൂടും വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചിട്ടുണ്ട്. ഉപഭോഗത്തിന് അനുസൃതമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്നലെ രാത്രി ഒന്നിലധികം തവണയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 15 മിനിറ്റ് മുതല്‍ 30 മിനിറ്റുവരെ കറന്റുപോയ സ്ഥലങ്ങളുമുണ്ട്.
ഇന്നലെ വൈകിട്ടാണ് സമീപകാലത്തെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. 4999 മെഗാവാട്ട്. മൊത്തം ഉപയോഗം 93.74 ദശലക്ഷം യൂണിറ്റ്. ജലവൈദ്യുതി 24 ദശലക്ഷം യൂണിറ്റ് മാത്രം. 67 ദശലക്ഷം യൂണിറ്റോളം പുറത്ത് നിന്നായിരുന്നു. ഇതില്‍ കൂടുതല്‍ കിട്ടാനില്ല. കല്‍ക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതം കുറഞ്ഞു. കഴിഞ്ഞ മാസം ഇതേ ദിവസം 42 ദശലക്ഷം യൂണിറ്റെങ്കില്‍ ഇന്നലെ കിട്ടിയത് 37 ദശലക്ഷം യൂണിറ്റ് ആയിരുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന ആവശ്യകത ആയതിനാല്‍ പവര്‍ എക്സേഞ്ചിലും വൈദ്യുതി കിട്ടാനില്ല.

