എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റ്

കേരളത്തിലെ 1,200 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായി പ്രത്യേകം ഔദ്യോഗിക വെബ്സൈറ്റുകൾ നിലവിൽ വന്നു. തദ്ദേശസ്ഥാപനങ്ങളുടെ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക്  സേവനങ്ങളുടെ ഗുണനിലവാരവും ഓഫീസിലെ സൗകര്യങ്ങളും സംബന്ധിച്ച പ്രതികരണം രേഖപ്പെടുത്താനുള്ള ക്യുആർ കോഡ് സംവിധാനത്തിനും തുടക്കമായി.

സർക്കാരിന്റ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഔദ്യോഗിക വെബ്സൈറ്റുകളുടെയും ക്യുആർ കോഡ് അധിഷ്ഠിത സിറ്റിസൺ ഫീഡ് ബാക്ക് സംവിധാനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി സന്നിഹിതനായിരുന്നു.

പൊതുജനങ്ങളെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും കൂടുതൽ അടുപ്പിക്കുന്ന സംവിധാനമാണ് തദ്ദേശസ്ഥാപനങ്ങളുടെ പുതിയ വെബ്സൈറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വളരെ ജനാധിപത്യപരമായ ഇടപെടലാണിത്. കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവയ്ക്കെല്ലാം ഔദ്യോഗിക വെബ്സൈറ്റ് നിലവിൽ വന്നു. ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിനും സ്വന്തം സ്ഥാപന പ്രൊഫൈൽ, ഭരണപരമായ വിവരങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൗരസേവനങ്ങൾ, വികസന പദ്ധതികൾ, ബജറ്റ്, തീരുമാനങ്ങൾ, അറിയിപ്പുകൾ, റിപ്പോർട്ടുകൾ, ടെൻഡറുകൾ തുടങ്ങിയ പൊതുവിവരങ്ങൾ പ്രസിദ്ധീകരിക്കാനും ലഭ്യമാക്കാനും സാധിക്കും. കൂടാതെ, ഓരോ പ്രദേശത്തിന്റെയും പ്രാദേശിക ചരിത്രം, സംസ്‌കാരം, പൈതൃകം, വിനോദസഞ്ചാരം, പ്രകൃതി വിഭവങ്ങൾ, വികസന പ്രവർത്തനങ്ങൾ, നേട്ടങ്ങൾ എന്നിവയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായി വെബ്സൈറ്റുകൾ പ്രവർത്തിക്കും. ഈ വെബ്സൈറ്റുകൾ വഴി പൊതുജനങ്ങൾക്ക് ഡിജിറ്റൽ സേവന സംവിധാനങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശനം സാധ്യമാകും. K-SMART ഉൾപ്പെടെയുള്ള സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളുമായുള്ള സംയോജനത്തിലൂടെ സർട്ടിഫിക്കറ്റുകൾ, വസ്തുനികുതി, കെട്ടിടവുമായി ബന്ധപ്പെട്ട സേവനങ്ങൾ, ലൈസൻസുകൾ, പണമടയ്ക്കൽ, അപേക്ഷകൾ, പരാതിപരിഹാര സേവനങ്ങൾ തുടങ്ങിയവയിലേക്ക് പൗരന്മാർക്ക് സൗകര്യപ്രദമായി പ്രവേശിക്കാനാകും.