ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും: പ്രധാനമായി അറിയേണ്ടത് മൂന്ന് കാര്യങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ ദിലീപിനെ അന്വേഷണ സംഘം ഏഴ് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.

മൂന്ന് വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രധാനമായും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. നടിയെ ആക്രമിക്കുന്ന വീഡിയോ 2018ല്‍ ആലുവയിലെ വീട്ടില്‍വെച്ച് ദിലീപിനൊപ്പം കണ്ടുവെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദൃശ്യം ദിലീപിന് ലഭിച്ചിരുന്നോ?. വിചാരണ ഘട്ടത്തില്‍ 20 സാക്ഷികള്‍ കൂറുമാറിയതില്‍ ദിലീപിനുള്ള പങ്ക്, മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ലഭിച്ച ഇരുവരെയും ബന്ധിപ്പിക്കുന്ന മൊഴികളിലെ സത്യാവസ്ഥ തുടങ്ങിയവയാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

ഇതിനിടെ വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.