മോശം സേവനം ലഭിക്കുമ്പോള്‍ ടോള്‍ നല്‍കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി

മോശം സേവനം ലഭിക്കുമ്പോള്‍ ടോള്‍ നല്‍കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി. ടോള്‍ നല്‍കുമ്പോള്‍ തടസ്സമില്ലാത്ത യാത്രയ്ക്ക് അര്‍ഹതയുണ്ട്. അതുവരെ ടോള്‍ നിര്‍ത്തിവയ്ക്കുകയാണ് വേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു. ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പാലിയേക്കരയില്‍ ടോള്‍പിരിവ് തുടരുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണവും തേടി. നിലപാടറിയിക്കാന്‍ കേന്ദ്രം സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി 25-ലേക്ക് മാറ്റിവെച്ചു. ടോള്‍ പിരിവിനെതിരേ കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ദേശീയപാതയില്‍ തൃശ്ശൂര്‍ ഭാഗത്ത് പലയിടത്തും മേല്‍പ്പാതകളുടെയും അടിപ്പാതകളുടെയും നിര്‍മാണം നടക്കുന്നതിനാലാണ് യാത്ര ദുഷ്‌കരമായത്. പാത സ്തംഭിക്കുന്ന സാഹചര്യമുണ്ടായാല്‍ ടോള്‍ നിര്‍ത്തിവയ്ക്കാമെങ്കിലും ഗതാഗതക്കുരുക്കിന്റെ പേരില്‍ ഇത്തരം നടപടിയെടുക്കാറില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ അസി. സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ വാദിച്ചു. എന്നാല്‍, കുരുക്ക് സ്വാഭാവികമായി ഉണ്ടാകുന്നതല്ലെന്നും നിര്‍മാണ ജോലികള്‍ കാരണമാണെന്നും കോടതി വ്യക്തമാക്കി.