ഉത്പാദനശേഷി വർധിപ്പിച്ച് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി ഉത്പാദന കേന്ദ്രമായ ഇടുക്കി പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ വിപുലീകരണം യാഥാർഥ്യമാകുന്നു. 60 മെഗാവാട്ടായി ഉത്പാദനം വർധിപ്പിച്ച പള്ളിവാസൽ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. ആദ്യ ഘട്ടത്തിലെ 37.5 മെഗാ വാട്ട് ഉത്പാദനമാണ് 60 മെഗാ വാട്ടായി ഉയർത്തിയിരിക്കുന്നത്.

വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്റർ കഴിഞ്ഞ വർഷം ഡിസംബർ 5 നും രണ്ടാം നമ്പർ ജനറേറ്റർ ഡിസംബർ 24 നും ഗ്രിഡുമായി ബന്ധിപ്പിച്ചു വാണിജ്യ ഉത്പാദനം ആരംഭിച്ചു. 159.898 മില്ല്യൺ യൂണിറ്റാണ് ഇതുവരെയുള്ള ഉത്പാദനം. സ്ഥാപിത ശേഷിയിൽ സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി. വെള്ളത്തിന്റെ അധിക ലഭ്യതയും ജലവൈദ്യുത ഉത്പാദന സംവിധാനത്തിന്റെ കാലപ്പഴക്കവും കണക്കിലെടുത്താണ് പഴയ പവർ ഹൗസിനോട് ചേർന്ന് പളളിവാസൽ വിപുലീകരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അധികമായി 153.90 മില്ല്യൺ യൂണിറ്റാണ് പദ്ധതി പ്രകാരം ഉത്പാദിപ്പിക്കുന്നത്.

1940 ലാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിതമായത്. സംസ്ഥാനത്തെ വർധിക്കുന്ന വൈദ്യുത ഉപഭോഗം മുന്നിൽ കണ്ടും വികസന രംഗത്തെ  മാറ്റങ്ങൾക്ക് അനുസൃതമായും ഗുണമേന്മയുള്ള ചെലവുകുറഞ്ഞ ജലവൈദ്യുതി ഉത്പാദനം വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് പള്ളിവാസൽ വിപുലീകരണ ജലവൈദ്യുത പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.  ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിലാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ലക്ഷ്മിയാർ, നല്ലതണ്ണിയാർ, മാട്ടുപെട്ടിയാർ, എന്നിവയുടെ സംഗമസ്ഥലമായ പഴയമൂന്നാറിലെ ആർ. എ. ഹെഡ് വർക്‌സ് ഡാമിൽ നിന്നുമാണ് പദ്ധതിക്ക് ആവശ്യമായ ജലം ലഭ്യമാകുന്നത്.