ജനങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളിലായി 8 പ്രത്യേക ഡ്രൈവുകളാണ് നടത്തിയത്. നിയമം ലംഘിച്ചവര്‍ക്കെതിരെ ഡ്രഗ്സ് & കോസ്മെറ്റിക്സ് നിയമപ്രകാരവും വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന മറ്റ് അനുബന്ധ നിയമങ്ങള്‍ പ്രകാരവും നടപടികള്‍ സ്വീകരിച്ചു വരുന്നു. മാത്രമല്ല ഈ കേസുകള്‍ കോടതി മുമ്പാകെ എത്തിച്ച് ശിക്ഷാനടപടികളും സ്വീകരിക്കാനായി.
ഓപ്പറേഷന് സൗന്ദര്യയുടെ രണ്ടാം ഘട്ടത്തില്‍ മിസ്ബ്രാന്റഡ് കോസ്മെറ്റിക്സ് വില്‍പ്പന നടത്തിയതിന് തലശ്ശേരി എമിരേറ്റ്സ് ഡ്യൂട്ടി ഫ്രീ ഡിസ്കൗണ്ട് ഷോപ്പിനെതിരെ 2024-ല്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഫയല്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, തലശ്ശേരി, പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും 15,000 രൂപ വീതം ആകെ 75,000 രൂപ പിഴ അടയ്ക്കുന്നതിന് ശിക്ഷ വിധിച്ചു.
ഓപ്പറേഷന് സൗന്ദര്യയുടെ രണ്ടാം ഘട്ടത്തില്‍ മിസ്ബ്രാന്റഡ് കോസ്മെറ്റിക്സ് വില്‍പ്പന നടത്തിയതിന് കൊടുങ്ങല്ലൂര്‍ ന്യൂ ലൗലി സെന്റര്‍ ഷോപ്പിനെതിരെ 2024-ല്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഫയല്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കൊടുങ്ങല്ലൂര്‍ പ്രതികള്‍ക്ക് 10,000 രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചു.
എറണാകുളം എഡിസി ഓഫീസില്‍ ലഭിച്ച ‘മരുന്നു മാറി നല്കി’ എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി എറണാകുളം തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസില്‍ മറിയാ മെഡിക്കല്‍സ്, സ്റ്റാച്യു ജംഗ്ഷന്, തൃപ്പൂണിത്തുറ എന്ന സ്ഥാപനത്തിനും അതിന്റെ പാര്‍ട്ണേഴ്സിനും ഒരു വര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു.

