റിസക്ഫണ്ട് ധനസഹായമായി ഇതുവരെ നൽകിയത് 464.73 കോടി രൂപ

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസക്ഫണ്ട് ധനസഹായമായി/- 36,97,44,468 രൂപ കൂടി അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. 3,848 വായ്പകളിലായിട്ടാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം  സംസ്ഥാനത്ത് സഹകരണ വകുപ്പ് റിസക് ഫണ്ട് ധനസഹായമായി 464,73,45,574 കോടി രൂപയുടെ ധനസഹായം നാളിതുവരെ അനുവദിച്ചിട്ടുണ്ട്. 50,752 വായ്പകളിലായിട്ടാണ് ഇത്രയും തുക ധനസഹായമായി നൽകിയതെന്നും മന്ത്രി പറഞ്ഞു.

        കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ചുമതലയിൽ 2008 ൽ റിസ്‌ക് ഫണ്ട് ധനസഹായ പദ്ധതി ആരംഭിച്ചതിനു ശേഷം നാളിതുവരെ 1031.45 കോടി രൂപയാണ് ധനസഹായമായി നൽകിയത്. 1,28,516 അപേക്ഷകർക്കായാണ് ഇത്രയും തുക വിതരണം ചെയ്തത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 2021-ൽ ചുമതലയേറ്റ ഇപ്പോഴത്തെ ബോർഡാണ് ഏറ്റവും അധികം തുക ധനസഹായമായി ജനങ്ങളിലേയ്ക്ക് എത്തിച്ചത്. ആകെ വിതരണം ചെയ്ത ധനസഹായത്തിന്റെ പകുതിയിലേറെ ധനസഹായം (464.73 കോടി രൂപ) നൽകിയത് ഈ സർക്കാരിന്റെ കാലത്താണ്.

        ഇന്ന് മന്ത്രിയുടെ ചേംബറിൽ ചേർന്ന കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. മരണാനന്തര സഹായവും മാരകരോഗങ്ങൾക്കുള്ള ചികിത്സാ ധനസഹായവുമായിട്ടാണ് തുക അനുവദിച്ചത്.