ഇറാനെതിരായ സൈനിക നടപടി വലിയ തെറ്റായിപ്പോയെന്ന് അമേരിക്കന്‍ ജനത

ഇറാന് എതിരായ അമേരിക്കയുടെ സൈനിക നടപടി തെറ്റായിപ്പോയെന്ന് അമേരിക്കന്‍ ജനതയുടെ പൊതുവികാരം. വാഷിങ്ടണ്‍ പോസ്റ്റ് – എബിസി- ഇപ്സോസ് സംയുക്തമായി നടത്തിയ സര്‍വേയിലാണ് യുദ്ധത്തിനെതിരെയായ ജനവികാരം വ്യക്തമായത്. സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും ഇറാന്‍ യുദ്ധം തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 36 ശതമാനം ആളുകള്‍ ട്രംപിന്റെ സൈനിക നടപടിയെ പിന്തുണച്ചു.

യുദ്ധം മൂലം അമേരിക്കയ്ക്ക് ഉണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയും യുദ്ധക്കെടുതി അനുഭവിക്കേണ്ടിവന്ന അമേരിക്കന്‍ സൈനികരുടെ വികാരവുമാണ് ഭരണകൂടത്തിന് തിരിച്ചടിയായത്. കൂടാതെ, ഇറാനിലെ സാധാരണക്കാരുടെ ജീവിതത്തെയും ഇതുവഴി ലോകത്തെ മറ്റ് രാജ്യങ്ങളെയും യുദ്ധം ബാധിച്ചത് അമേരിക്കയുടെ പ്രതിശ്ചായയെ ബാധിച്ചതായാണ് വിലയിരുത്തല്‍.

നിലവിലെ ഇറാന്‍ യുദ്ധത്തിന് 2006ലെ ഇറാഖ് യുദ്ധത്തിനും 1970കളിലെ വിയറ്റ്നാം യുദ്ധത്തിനും ലഭിച്ചതിന് സമാനമായി ജനപിന്തുണ കുറവാണ്. നേരത്തെ റോയിറ്റേഴ്‌സ് – ഇപ്‌സോസ് – ഫോക്‌സ് ന്യൂസ് എന്നിവര്‍ നടത്തിയ സര്‍വ്വേയിലും ജനവികാരം ട്രംപിന് എതിരായിരുന്നു.