മംഗളാദേവി ക്ഷേത്രോല്‍ത്സവത്തിന് ഇടയില്‍ ഇടിമിന്നലേറ്റ് ആറുപേര്‍ക്ക് പരിക്ക്

പ്രശസ്തമായ ചിത്രാപൗര്‍ണമി ഉത്സവത്തിന് ഇടുക്കി മംഗളാദേവി ക്ഷേത്രത്തിലെത്തിയ അഞ്ച് ഭക്തര്‍ക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ഇടിമിന്നലേറ്റ് പരിക്ക്. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സി.പി.ഒ അന്‍സാര്‍, തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്നാട് സ്വദേശികളായ ധനലക്ഷ്മി, ലോകമണി, കാളി അമ്മാള്‍, തൃശൂര്‍ സ്വദേശി രമ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പ്രശസ്തമായ ഉത്സവത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധിപ്പേരാണ് എത്തിയിരുന്നത്.

മിന്നലേറ്റ് തെറിച്ചു വീണ പൊലീസുകാരന്‍ അന്‍സാറിന്റെ ഇടതു കൈമുട്ടിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.