കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ചേരി തിരിഞ്ഞുള്ള പ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് വി.ഡി സതീശന്. ഫെയ്സ്ബുക്ക് പേജിലുടെയാണ് വി.ഡി സതീശന് ഇക്കാര്യം വ്യക്തമാക്കിയത്.
102 സീറ്റുമായി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മള് നേടിയത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു.
നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ല.
ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളില്‍ നിന്ന് പ്രിയപ്പെട്ട കോണ്‍ഗ്രസ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ പിന്മാറണമെന്ന് സ്നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നു.

