ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ടെലഗ്രാമിന് പൂട്ടിട്ട് കേന്ദ്രം

രാജ്യത്ത് ടെലഗ്രാം ആപ്പിന് നിയന്ത്രണം. നീറ്റ് പുനപരീക്ഷ നടക്കാനിരിക്കെ ചോദ്യപ്പേപ്പര്‍ ടെലഗ്രാമിലൂടെ ചോര്‍ന്നുപോകാനുളള സാധ്യത ഒഴിവാക്കാനാണ് കേന്ദ്ര നടപടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അടിസ്ഥാന പ്രശ്‌നമാണ് പരിഹരിക്കേണ്ടതെന്നും, ദശലക്ഷക്കണക്കിന് സാധാരണ ഉപഭോക്താക്കളെ നടപടി ബാധിക്കുമെന്നും ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവ് വ്യക്തമാക്കി.

നടപടികളുടെ ഭാഗമായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തിട്ടുണ്ട്. ആപ്പ് നീക്കം ചെയ്യാന്‍ ആപ്പിളിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 22വരെയാണ് ഈ താല്‍ക്കാലിക നിയന്ത്രണം. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആശയ വിനിമയങ്ങള്‍ക്കും, ചോദ്യ പേപ്പറുകള്‍ ഷെയര്‍ ചെയ്ത് നല്‍കുന്നതിനും തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായി ടെലഗ്രാം ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി.