പി.എസ്.സിയില്‍ ക്രമക്കേട് ആരോപിച്ച് ഉയര്‍ന്ന പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഐജി അജിതാ ബീഗത്തിനാണ് അന്വേഷണ ചുമതല. സമാനതകളില്ലാത്ത തട്ടിപ്പാണ് പി.എസ്.സിയില്‍ നടന്നിരിക്കുന്നതെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഐജിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
‘കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. ഏറ്റവും ഗുരുതരമായ തെറ്റാണിത്. തൊഴില്രഹിതരെല്ലാം പിഎസ്സിയിലാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. പക്ഷേ, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിഎസ്സിയെ എങ്ങനെ ദുരുപയോഗപ്പെടുത്താം എന്നാണ് നോക്കിയത്. അതിന്റെ ഉദാഹരണങ്ങളാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന് നേതൃത്വം കൊടുത്തവര്‍ ഒരുകാരണവശാലും രക്ഷപ്പെടാന്‍ പോകുന്നില്ല. റിപ്പോര്‍ട്ട് കിട്ടുന്നതോടെ ശക്തമായ നടപടികളുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ 642 റാങ്ക് ലിസ്റ്റുകളുടെ ഉത്തരക്കടലാസ് സശിപ്പിക്കാനൊരുങ്ങിയ പി.എസ്.സിയുടെ നടപടി വിവാദത്തിലായിരിക്കുകയാണ്. സ്വാഭാഗിക നടപടി ആയാണ് പി.എസ്.സി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നതെങ്കില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ഈ നടപടി അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

