ഡല്‍ഹി ചലോയ്ക്ക് റെയില്‍വേയുടെ ചുവപ്പുകൊടി: സിപിഐയുടെ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് റദ്ദാക്കി

കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രഖ്യാപിച്ചിരുന്ന ഡല്‍ഹി ചലോ യാത്രയ്ക്കായി സിപിഐ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കി റെയില്‍വേ. ടിക്കറ്റ് ബുക്കിങ്ങിനായി സിപിഐ നല്‍കിയ 10 ലക്ഷം രൂപയും റെയില്‍വേ മടക്കി നല്‍കി. പ്രതിഷേധത്തെ ഭയന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ കള്ളക്കളിയാണിതെന്ന് സിപിഐ ആരോപിച്ചു.

സെപ്റ്റംബര്‍ ഒന്നിന് രാംലീല മൈതാനിയിലാണ് പ്രതിഷേധത്തിന് പദ്ധതിയിട്ടിരുന്നത്. ട്രെയിനിലെ കടുത്ത തിരക്ക് മൂലം ഒരു ട്രെയിന്‍ പൂര്‍ണമായും ബുക്ക് ചെയ്ത് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു സിപിഐയുടെ പദ്ധതി. പ്രതിഷേധത്തിന് ശേഷം സെപ്റ്റംബര്‍ നാലിന് പ്രവര്‍ത്തകര്‍ക്ക് മടങ്ങാനുള്ള ടിക്കറ്റും സിപിഐ ബുക്ക് ചെയ്തിരുന്നു. ഇതിന് പുറമെ തമിഴ്‌നാട്ടില്‍നിന്നും പ്രവര്‍ത്തകരെ എത്തിക്കുന്നതിനും സിപിഐ ട്രെയിന്‍ ബുക്ക് ചെയ്തിരുന്നു. ഇതിനായി 10 ലക്ഷം രൂപയും അടച്ചിരുന്നു. എന്നാല്‍ റെയില്‍വേ ഈ ടിക്കറ്റ് ബുക്കിങ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.