വീണ തന്റെ മകള്‍ ആയാതിനാല്‍ വിചിത്ര നടപടി നേരിടുന്നു: താനോ കുടുംബമോ ഹവാല ഇടപാടുകള്‍ നടത്തിയിട്ടില്ല: പിണറായി വിജയന്‍

തന്റെ മകള്‍ ആയതുകൊണ്ട് മാത്രമാണ് വീണ ഇത്തരത്തിലുള്ള വിചിത്ര നടപടികള്‍ നേരിടേണ്ടിവരുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. താനോ, മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാട് നടത്തിയിട്ടില്ലെന്നും അദ്ദേഹം തൃശൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വീണ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങള്‍ വേണമെങ്കില്‍ നല്‍കാന്‍ തയാറാണ്. എല്ലാ സംശുദ്ധമായാണ് നടക്കുന്നത്. എന്റെ കൈകള്‍ ശുദ്ധമാണ്. കറയാക്കാന്‍ നോക്കേണ്ട. വീണ എന്റെ മകളാണ് എന്നതിനാലാണല്ലോ ഇങ്ങനെ വരുന്നത്. എന്റെ മകളായതിനാല്‍ വിചിത്ര നടപടികളാണ് നേരിടേണ്ടി വരുന്നത്. സാധാരണ ഇ.ഡി. വാര്‍ത്താക്കുറിപ്പ് ഇറക്കാറില്ല. എന്നാല്‍ ഈ വിഷയത്തില്‍ വാര്‍ത്താക്കുറിപ്പിറക്കി. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത കൊടുത്തത്? പിണറായി വിജയനു നേരെയായാല്‍ എന്തും ചെയ്യാം എന്നാണ് കരുതുന്നത്. ഞാനോ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന പൂര്‍ണ ബോധ്യമുണ്ട്. എനിക്കെതിരെയും സിബിഐ അന്വേഷണമുണ്ടായി. 1996ല്‍ ഒരാള്‍ തിരഞ്ഞെടുപ്പ് സമയത്ത് രണ്ടോ മൂന്നോ കോടി തന്നു എന്നായിരുന്നു ആരോപണം. ഇത് തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടുവെന്നും പിണറായി വിജയന്‍ പറഞ്ഞു.