നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് വിവിധ ഹെല്‍പ്പ് ലൈനുകളില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 53 കേരളീയരെ കണ്ടെത്താനും നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ വിവിധ തലങ്ങളിൽ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഹെല്‍പ്പ് ലൈന്‍, ചീഫ് സെക്രട്ടറിയുടെ ഓഫീസ്, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹെല്‍പ്പ് ലൈന്‍, നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ലൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് 53 കേരളീയരെ തിരിച്ചറിഞ്ഞത്. ഇതിൽ മുതിർന്നവരും കുട്ടികളും കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ഇവരിൽ ചിലർ കുടുംബത്തോടൊപ്പവും ചിലർ വിവിധ സംഘങ്ങളായും അവധിക്കാല യാത്ര, തീർത്ഥാടനം, ട്രക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്കായും നേപ്പാളിൽ എത്തിയവരാണെന്നാണ് ലഭിച്ച വിവരങ്ങൾ.
ഇവരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഭൂരിഭാഗം പേരുടെയും ഫോൺ നമ്പറുകൾ ശേഖരിച്ചിട്ടുണ്ടെങ്കിലും നിലവിലെ നെറ്റ്‌വർക്ക് തടസ്സം കാരണം നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. പ്രളയത്തെ തുടര്‍ന്ന് യാത്രചെയ്യുന്നതിനും നിലവില്‍ പ്രതിസന്ധിയുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസ് പ്രധാന ഏകോപന കേന്ദ്രമായി പ്രവർത്തിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നുണ്ട്. നോർക്ക റൂട്ട്സിന്റെ ഡൽഹി എന്‍.ആര്‍.കെ ഡലവപ്മെന്റ് ഓഫീസും കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുവരുന്നു. ബന്ധുക്കളുമായി ഇടവേളകളിൽ നിരന്തരം ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ ശേഖരിക്കുകയും ഹെൽപ്പ് ഡെസ്കിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. അതേസമയം, കാഞ്ഞങ്ങാട് നിന്ന് യാത്ര ചെയ്ത 36 പേരടങ്ങുന്ന സംഘവും കോട്ടയത്ത് നിന്നുള്ള 16 പേരുടെ സംഘത്തിനും പ്രശ്നങ്ങളില്ലെന്നും സുരക്ഷിതരാണന്നും അറിയിച്ചിട്ടുണ്ട്. അവരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ടെന്നും രാജേഷ് മാധവൻ അറിയിച്ചു. ഈ സംഘങ്ങൾ 53 പേരുടെ പട്ടികയിൽ ഉൾപ്പെടുന്നതല്ല.

