സിനിമാ ചിത്രീകരണത്തിന് റഷ്യന്‍ സംഘം ബഹിരാകാശത്തേയ്ക്ക്

സിനിമാ ചിത്രീകരണത്തിനായി റഷ്യന്‍ സംഘം ബഹിരാകാശത്തേയ്ക്ക് പറന്നു. ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഭാഗമായാണ് റഷ്യന്‍ നടിയും സംവിധായകനും ബഹിരാകാശത്തേയ്ക്ക് പറന്നത്.
ഹൃദ്‌രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയെ ചികിത്സിക്കുന്നതിനായി ബഹിരാകാശത്തേയ്ക്ക് യാത്രചെയ്യുന്ന ഡോക്ടറുടെ കഥയാണ് ‘ദി ചലഞ്ച്’ പറയുന്നത്. ചിത്രത്തില്‍ ഡോക്ടറുടെ വേഷം ചെയ്യുന്ന നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയ്ക്കുമൊപ്പം ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്‌കപ്ലറേവും യാത്രയുടെ ഭാഗമായതായാണ് വിവരം.
ഖസാക്കിസ്ഥാനിലെ റഷ്യന്‍ സ്‌പേസ് സെന്ററില്‍നിന്നും സംഘം സുരക്ഷിതമായി ബഹിരാകാശ നിലയത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. പത്ത് ദിവസത്തെ സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം സംഘം ഭൂമിയിലേയ്ക്ക് മടങ്ങും.