കേരളത്തിലെ റോഡുകളുടെ അവസ്ഥയെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ റോഡുകളുടെ അവസ്ഥയെ വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ പല റോഡുകളിലൂടെയുമുള്ള യാത്ര ദുരിതപൂര്‍ണമെന്ന് കോടതി വീക്ഷിച്ചു. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനമുയര്‍ത്തിയത്. സംസ്ഥാനത്തെ പല റോഡുകളിലൂടെയുമുള്ള യാത്ര പ്രയാസകരമാണെന്ന് കോടതി നിരീക്ഷിച്ചു. എറണാകുളം മുതല്‍ പൊന്നാനി വരെയുള്ള യാത്ര അങ്ങേയറ്റം പ്രയാസകരമാണ്. എന്നാല്‍ പൊന്നാനി മുതല്‍ കോട്ടക്കല്‍ വരെ സുഗമമായി സഞ്ചരിക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടിന് വലിയതോതില്‍ ആശ്വാസമായിട്ടുണ്ട്. എന്നാല്‍ മുല്ലശ്ശേരി കനാല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഇനിയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകാനുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേർത്തു. തൃക്കാക്കര നഗരസഭ പരിധിയില്‍ നിന്ന് കൊച്ചിയിലേക്ക് വലിയ തോതില്‍ വെള്ളം ഒഴുകിയെത്തുന്നുണ്ട്. അത് കൊച്ചി നഗരത്തില്‍ തടസ്സം സൃഷ്ടിക്കുന്നതായും പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മുമ്പ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് അറുതിവരുത്തിയ നഗരസഭയെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിനന്ദിച്ചിട്ടുണ്ട്.